

ഈ മനോഹരതീരത്ത്..
ഒരിക്കലെന്നോ ഞാനും ഇവിടെ എത്തിച്ചേര്‍ന്നു----ഈ മനോഹരതീരത്ത് !പറഞ്ഞ് കേട്ടുള്ള അറിവ് -അന്ന് ഭൂമിക്കു പതിനേഴു വയസ്സായിരുന്നു.കുറച്ചുകൂടി വ്യക്തമാക്കാം;കുളിര് വില്‍ക്കുന്ന ഒരു പതിനേഴുകാരി..അതായിരുന്നു കാലം ...ഒരു മഞ്ഞു കാലം!ഡിസംബറിലെ തണുത്ത പകലില്‍ ഭൂമിയുടെ മാറില്‍ ഞാന്‍ 'അവതരിച്ചു' !
അതിനും മുന്‍പ് എനിക്കൊരു ജന്മമുണ്ടായിരുന്നു- ഉപഗുപ്തനും വാസവദത്തയും ജീവിച്ചിരുന്ന അമ്രപാലിയില്‍..
ഇത് ആരും പറഞ്ഞതല്ല -ഞാന്‍ നിങ്ങളോട പറയുന്ന കഥ. അന്ന്, അവിടെ അമ്രപാലിയില്‍ ഉപഗുപ്തന് വേണ്ടികാത്തിരിക്കുന്ന വാസവദത്ത എന്റെ പതിവു കാഴ്ചയായിരുന്നു. അവളുടെ പ്രണയം നിരാകരിക്കുന്ന ബുദ്ധഭിക്ഷുവിനെകരുണ ഇല്ലാത്തവനെന്നു നിരൂപിച്ച് നഗര ഹൃദയത്തിലുള്ള ആല്മരചോട്ടില്, സായാഹ്നങ്ങള്‍ക്ക് കാവലിരിക്കുകയായിരുന്നു എന്റെ
പ്രധാന ജോലി. ഓ,പറഞ്ഞില്ലല്ലോ - അന്ന് ഞാന്‍ ഒരാണ്‍കുട്ടി ആയിരുന്നു!
ഒടുവില്‍ നഗരവാസികളാല്‍ കല്ലെറിയപ്പെട്ട വാസവദത്തയെ തേടി ഉപഗുപ്തന് എത്തുകയും അവളെ സ്വീകരിക്കുകയും ചെയ്യവേ,
മനസാ നന്ദിചൊല്ലി സ്വയം മറന്നു നില്ക്കുന്ന സമയം എന്നെ ആരോ അഗാധമായ കൊക്കയിലേയ്ക്ക് തള്ളിയിട്ടു -അങ്ങനെയാണ്
ആദ്യം തോന്നിയത്.പക്ഷേ ഞാന്‍ ചെന്ന് വീണത് മനോഹരമായ ഹരിതാഭയിലെയ്ക്കാണ്.
എന്റെ ശരീരത്തിന് നന്നേ മാറ്റമുണ്ടായിരുന്നു. അതെ , ഞാന്‍ നിപതിച്ചത് ഭൂമി ദേവിയുടെ മടിത്തട്ടിലേയ്ക്കാണ് !പെണ്‍കുഞ്ഞാണ് - എന്നെ അമ്മയുടെ അടുത്തേയ്ക്ക് കിടത്തുന്ന ആയയുടെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു.പിന്നെ എനിക്കൊന്നും ഓര്‍മയില്ല.
ഇനി കഥ പറയുന്നത് കാദംപരിയാണ് - എന്റെ സഹയാത്രിക.
അവള്‍ക്കു എന്നെപ്പോലെ പത്ത് ശീലങ്ങളില്ല, മുന്‍കോപമില്ല വാശിയും ഭയവുമില്ല. പക്ഷെ പല സന്ദര്‍ഭങ്ങളിലും അവള് ദുഖിതയായി
കാണപെട്ടു.അത് ഒരുതരം മനോരോഗമാണെന്ന് ഞാന്‍ വിലയിരുത്തുകയും ചെയ്തു.
ത്രേസ്യാമ്മ ടീച്ചറിന്റെ വീടിനു പഴുത്ത കാരയ്ക്കയുടെ മണമുണ്ടെന്നു എന്നെ ബോധ്യപ്പെടുത്തിയത് കാദംപരി ആണ്.
അവളുടെ കണ്ടെത്തലുകളില്‍ ഞാന്‍ പരിപൂര്‍ണ്ണ തൃപ്തയായിരുന്നു.
എപ്പോഴുമില്ല, എന്നാലും എപ്പഴോക്കെയോ അവള് എനിക്കൊപ്പം നടന്നു..തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു..മുന്‍കോപത്തിന്റെ ഉച്ചസ്ഥായിയിലിരുന്നു 'അറുകൊല' തുള്ളുന്ന എനിക്ക് കണ്ണും കാതും നഷപെട്ടിരുന്നുവെന്നു അവളുണ്ടോ അറിയുന്നു !
എന്നെ മറികടന്നു, അവള് സ്വയം പരിചയപ്പെടുത്തുന്നു -ഞാന്‍ കാദംപരി. ഈ തീരത്ത് ഇവള്‍ക്കൊപ്പം ജനിച്ചവള്‍.കമലയും കല്യാണിയുമെന്ന് ഞാന്‍ ഓമനപ്പേരിട്ട് വളര്‍ത്തുന്ന രണ്ടു മരങ്ങളാണ് എന്റെ അടുത്ത ചങ്ങാതിമാര്‍.പിന്നെ അവള് പറഞ്ഞത്പോലെ, ഞാന്‍ ഭയമില്ലാത്തവള്‍ അല്ല. രാത്രിയില്‍ പുഴയിലേയ്ക്ക് നോക്കാന്‍ എനിക്ക് വല്ലാത്ത ഭയമാണ്.ഇടി മിന്നല്‍ ഭയന്ന് വെളിച്ചം കടക്കാത്ത,ഇടുങ്ങിയ മുറികളില്‍ ഇന്നും ഒളിച്ചിരിക്കാറുണ്ട് ഞാന്‍ . പരിഹസിക്കുന്ന മുഖങ്ങളില്‍ നിന്നും കനലെരിയുന്ന നോട്ടങ്ങളില്‍ നിന്നും ഞാന്‍ ഓടിയൊളിക്കുന്നു.ഒരുകാലത്ത് , മധ്യാഹ്നസൂര്യനെ ഞാന്‍ വല്ലാതെ ഭയന്നിരുന്നു.കനല്ക്കണ്ണുകളാല് എന്നെ ഇങ്ങനെ നോക്കരുതേയെന്നു അപേക്ഷിച്ചു.
അന്ന് വെയില് വീഴാത്ത ഊടുവഴികള്‍ മാത്രമായിരുന്നു എനിക്ക് ഏകആശ്വാസം.ആളൊഴിഞ്ഞ നിരത്തിലൂടെ നടക്കാന്‍ വല്ലാതെ ആഗ്രഹിച്ചുപോയ
കാലഘട്ടം.വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന കൃഷ്ണപ്പരുന്തുകള്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളായി തോന്നിയപ്പോള്‍ ഞാന്‍ അവയെ ആരാധിക്കാന്‍
തുടങ്ങി.....
(കാദംപരി സത്യങ്ങള്‍ വെളിപ്പെടുത്തുന്നു.അത് ദോഷം ചെയ്യുമെന്ന വസ്തുത മനുസിലാക്കുന്നില്ല .ലോകം നിന്നെപ്പോലെ ചിന്തിക്കുന്നില്ല.
നീ അലസമായി നടക്കൂ ..ആരെയും ശ്രദ്ധിക്കേണ്ട.അവിടെ ബോഗേന്‍വില്ലകള്‍ നിനക്കായി പരിലസിക്കുന്നു...പോകൂ ,ആ മനോഹര തീരത്തേയ്ക്ക്
ചെല്ലൂ...കഥ പറയാന്‍ നിന്നെക്കാള്‍ യോഗ്യത എനിക്കുതന്നെ.)
മുഴുവന്‍ സത്യങ്ങളും കുഴിച്ചുമൂടപ്പെട്ട ഗ്രാമത്തിന്റെ സുന്ദരമായൊരു കോണില്‍ എന്റെ ബാല്യം പച്ചപിടിച്ചപ്പോള്‍ എന്നെ ഭയപ്പെടുത്തിയതും
അതിലേറെ രസിപ്പിച്ചതും പ്രേതകഥകള്‍ ആയിരുന്നു . അത് പങ്കു വെയ്ക്കാന്‍ ഒരു സൗഹൃദം കിട്ടിയതോടെ പേടിച്ചും പേടിപ്പിച്ചും ഒടുക്കം
എട്ടുനാടും പൊട്ടുമാറുച്ചത്തില്‍ അലറുകകൂടി ആയപ്പോള്‍ പ്രായംചെന്ന സ്ത്രീജനങ്ങള്‍ 'അച്ചടക്കമില്ലായ്മ' യെന്ന ചെല്ലപ്പേര് നല്കി അതിനെ
'ആദരിച്ചതും' രസമുള്ള ഓര്‍മ്മകള്‍.
ശൈശവനാളുകള് അവ്യക്തമായെ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.എങ്കിലും പ്രധാന ഓര്‍മ്മ സരളചേച്ചിയെന്ന ചേച്ചമ്മയില് തുടങ്ങുന്നു. സ്വതവേ മൂരാച്ചിയായിരുന്ന എന്നെ, ശുണ്ഠി പിടിപ്പിക്കാന്‍ തന്നാലാവും വിധം 'അധ്വാനിച്ച' ആയമ്മ .എനിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മയ്ക്ക് കിട്ടിയ സഹായി;പിന്നീട്അമ്മയുടെ അടുത്ത ഉണ്ണിയെ പരിപാലിക്കേണ്ട കര്‍ത്തവ്യം കൂടി തന്നില്‍ നിക്ഷിപ്തമായപ്പോള്‍ 'വലിയ വമ്പത്തിയെ' ഒരു പാഠം പഠിപ്പിക്കാമെന്ന വ്യാമോഹം 'പാവം' സരളമ്മയെ ഭരിച്ചു തുടങ്ങി.
പലഹാരങ്ങള്‍ പൂട്ടി വെച്ചിരിക്കുന്ന അലമാരയുടെ താക്കോല്‍ സരളചേച്ചിയുടെ പക്കല്‍ നിന്നും പിടിച്ചുവാങ്ങിക്കാനുള്ള എന്റെ ശ്രമങ്ങള്‍ക്കൊടുവില്‍
'ചേച്ചമ്മയുടെ' വളര്‍ത്തു പുത്രന് -എന്റെ ഇളയ സഹോദരന് അവതരിക്കും. അതോടെ രംഗം ശാന്തം .. പലഹാരപ്പാതിയില് മുഴുത്ത കഷണം
ചേച്ചമ്മയുടെ വളര്‍ത്തു പുത്രനുള്ളതാണ് . അതാണ് ചട്ടം. ആ ചട്ടം എനിക്ക് സ്വ്വീകാര്യമല്ല താനും . പിന്നെ ഉന്തും തള്ളുമായി ,മാന്തായി, ഉരുട്ടിപ്പിടുത്തമായി .....അങ്ങനെ സരളചേച്ചിയെന്ന ചേച്ചമ്മയുടെ കീഴില്‍ ഞങ്ങളുടെ വിളയാട്ടങ്ങള്‍ തകൃതിയായി നടന്നു .
തവളപിടുത്തക്കാരുടെ പെട്രോമാക്സ് വെളിച്ചത്തെ തീവ്രമായി പ്രണയിച്ച കാലം - അന്ന് തവളക്കഥകളുമായി ഒരു കുട്ടനാട്ടുകാരന് ചേട്ടന്,ഞങ്ങളെ
ചിരിപ്പിച്ചും ചിന്തിപ്പിച്ചും എപ്പോഴും കൂടെനടന്നു. വീട്ടിലെ പശുക്കളെ ദേഷ്യം പിടിപ്പിക്കുന്നതില്‍ 'ഡോക്ടറെറ്റ്' എടുത്ത ആളാണ് കക്ഷി. എങ്കിലുംകൂട്ടത്തിലെ 'തലവേദനക്കാരിപ്പശുവിനെ' മെരുക്കാന്‍ പയറ്റിയ അടവുകള്‍ പരാജയപ്പെട്ടു അവളുടെ കയറിന് തുമ്പില്‍ തൂങ്ങി ചെളിയില്‍ മുങ്ങി 'ഉയര്‍ത്തെണീറ്റ' കണാരേട്ടനെ ഒരു പൊട്ടിച്ചിരിയോടെയല്ലാതെ എങ്ങിനെ ഓര്‍ക്കാന്‍ കഴിയും?ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, ചേച്ചമ്മയും കണാരേട്ടനും ബദ്ധശത്രുക്കളായിരുന്നു.ഒരു വീട്ടില്‍ രണ്ടു സഹായികള്‍ ഉണ്ടാകുമ്പോള്നേരിടേണ്ടിവരുന്ന പൊല്ലാപ്പുകള്‍ അമ്മ അനുഭവിച്ചുതുടങ്ങി. ഞങ്ങളുടെ വീട്ടില്‍ നിന്നും ചേച്ചമ്മ പിണങ്ങിപ്പോയവേളയില് പ്രത്യക്ഷപ്പെട്ടതാ-കയാല്‍ കണാരേട്ടന് പുറംപണിയും ചേച്ചമ്മയ്ക്ക് അടുക്കള ഭരണവും നല്‍കിക്കൊണ്ട് പ്രശ്നം തല്ക്കാലം പരിഹരിച്ചു. മുഖാമുഖം കാണുന്ന വേളയില്‍ രണ്ടുപേരില്‍ നിന്നും ചില മുരടനക്കങ്ങള്‍ പ്രകടമായിരുന്നു. ഈ വിഘടന വാദികളെ ഞങ്ങളും പകുത്തെടുത്തു. എന്നത്തേയും പോലെ, കണ്ണന് പിന്തുണ പ്രഖ്യാപിച്ച് ചേച്ചമ്മയും എന്നെ പിന്തുണച്ച് കണാരേട്ടനും നിലകൊണ്ടു.വൈകുന്നേരം ,ഓഫീസില്‍ നിന്നും ക്ഷീണിതയായെത്തുന്ന അമ്മയ്ക്ക് മുന്‍പാകെ ഇരുചേരിക്കാരും പരാതിക്കെട്ടഴിക്കുമ്പോള്‍, അതിന്മേല് കൃത്യമായൊരു നിലപാടെടുക്കാനാവാതെ കുഴങ്ങുന്ന കോടതി, ശിക്ഷപകുത്തു നല്കിക്കൊണ്ടുത്തരവാകും.തൈത്തെങ്ങിന്റെ പച്ചയീര്‍ക്കിലി നല്കിയ മുറിപ്പാടില്‍ തടവിക്കൊണ്ട് ഞാനും കണ്ണനും മുഖത്തോടു മുഖം നോക്കിയിരിക്കുമ്പോള്‍ പിന്തുണക്കാരുടെ പൊടിപോലുമുണ്ടാവില്ല. പിന്നീട്, അച്ഛനമ്മമാരുടെ അസാന്നിദ്ധ്യത്തിലാണ് പക്ഷം ചേര്‍ന്നു ഇവരെത്തുക.വര്‍ഷങ്ങള്‍ക്കു ശേഷം, ചില കുബുദ്ദികളുടെ ഇടപെടല്‍ നിമിത്തംചേച്ചമ്മ ഞങ്ങളുടെ വീട്ടില്‍ നിന്നും പിണങ്ങിപ്പോയി.ഭാഗികമായി നഷ്ടപെട്ട കാഴ്ചയോട് പൊരുതി ഒരുവിളിപ്പാടകലെ ചേച്ചമ്മയുണ്ട്. കണാരേട്ടനിന്ന് ഓര്‍മ്മയാണ്. .അടുത്ത ഉത്സവത്തിന് 'സ്റ്റാര്‍ പപ്പടവുമായി '(ഒരു പലഹാരം) വരാമെന്ന വാഗ്ദാനം തെറ്റിച്ച് ദിശ മാറിയലയുന്നആ ഫലിത ശിരോമിണി 'പൊട്ടക്കഥകളുമായി' ഇനിയും തിരിച്ചു വന്നിരുന്നെങ്കില്‍..!
ഞങ്ങളൊക്കെ വളര്‍ന്നു കണാരേട്ടാ...മാനം മുട്ടെ വളര്‍ന്നുവെന്നു അഹങ്കരിക്കുന്ന വെറും വളര്‍ത്തു കോലങ്ങള്‍..!
യക്ഷിക്കഥകള്‍ കൈമാറുന്ന ഒരു സുഹൃത്തിനെപ്പറ്റി പറഞ്ഞല്ലോ -അതാണ് സ്മിത ചേച്ചി.എന്റെ ബാല്യവും കൌമാരവും ഏറെക്കുറെ കടന്നുപോയത് ആ സൗഹൃദത്തണലില്‍ ആയിരുന്നു. അനുഗ്രഹീതനായ ഒരു കവി നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്നുവെന്നും അദ്ദേഹം തന്റെ ബന്ധുവിന്റെ ആത്മ-സ്നേഹിതനായിരുന്നെന്നുമൊക്കെയുള്ള വിവരങ്ങള്‍ ആ കൂട്ടുകാരിചേച്ചി പറഞ്ഞ് തന്നത് അത്ഭുതത്തോടെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. പിന്നീട്, ആകാശവാണിയില്‍ ആ അതുല്യ പ്രതിഭയുടെ ഗാനം കേള്‍ക്കുമ്പോള്‍ ,അദ്ദേഹത്തെ -വയലാര്‍ രാമ വര്‍മ്മയെ- ഒരുപാട് മുന്‍പേ ഞങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത അദൃശ്യശക്തിയെ ഒരു നിമിഷമെങ്കിലും ഞാന്‍ പഴിച്ചു പോകുന്നു.
അന്നൊക്കെ, മരണമെന്നത് എനിക്കൊരിക്കലും സ്വീകാര്യമല്ലാത്ത സത്യമായിരുന്നു. ഓരോ മനുഷ്യന്റെയും ചെയ്തികള്‍ക്കുള്ള കഠിനമായ ശിക്ഷയാണ് മരണമെന്ന് ഞാന്‍ അന്ധമായി വിശ്വസിച്ചു. സെമിത്തേരിയിലേയ്ക്കു അലങ്കരിച്ചു കൊണ്ടുപോകുന്ന ശവമഞ്ചം എന്റെ പേടി സ്വപ്നമായി മാറി. സ്മിതചേച്ചിയുടെ വീടിനുതെക്കുവശത്തുള്ള പേരമരത്തിന്റെ ചുവട്ടിലിരുന്നു ഞാനെന്റെ പ്രാര്‍ത്ഥനയ്ക്ക് തുടക്കമിട്ടു- ഈ ലോകത്തില്‍ ആരും മരിക്കരുതേ എന്ന വിചിത്രമായ പ്രാര്‍ത്ഥന ഓരോദിവസവും കണക്കില്ലാതെ ഉരുവിട്ടുകൊണ്ടിരുന്ന എനിക്ക് സ്വപ്നത്തില്‍ പോലും അതുമാത്രമായി ചിന്ത .എത്ര പ്രാര്‍ത്ഥിച്ചാലും എല്ലാവര്ക്കും മരണമുണ്ടാകും എന്ന വസ്തുത ബോധ്യപ്പെട്ടതോടെ ആ ഉദ്യമം ഉപേക്ഷിച്ചു.സത്യത്തില്‍,ബാലിശമായ അജ്ഞതകള്‍ ഏറെക്കുറെ ദൂരികരിക്കപ്പെട്ടത് സ്മിതചേച്ചിയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമായിട്ടാണ്.സമാനതകള്ഒന്നിലധികമുണ്ടായിരുന്നു ഞങ്ങളുടെ ചിന്താഗതിക്ക്. എന്തിന് -ഇഷ്ടപ്പെടുന്ന രുചികള്‍ പോലും വ്യത്യസ്തമായിരുന്നില്ല! പ്രായത്തിന്റെ നിഷ്കളങ്കതയാവാം, സമൂഹത്തിലെ പകല്മാന്യന്മാരെ മറഞ്ഞിരുന്നു കളിയാക്കുന്നതില്‍ ഞങ്ങള്‍ ഒരു പ്രത്യേക സുഖം കണ്ടെത്തിയിരുന്നു. സ്മിതചേച്ചിയുടെ അച്ഛന് മുറ്റത്തുപേക്ഷിക്കുന്ന ബീഡിക്കുറ്റികള്‍ ഒരു തവണകൂടി പരീക്ഷിച്ച്, വില്ലത്തികളായി സ്വയം പ്രഖ്യാപിച്ച് ഞങ്ങള്കൌമാരത്തിലെയ്ക്ക് കടന്നു. വിശാലമായ ചിന്തകളില്‍ മിക്കപ്പോഴും സാഹിത്യമായിരുന്നു വിഷയം .എങ്കിലും, കുസൃതിത്തരങ്ങള്‍ക്ക് കുറവൊന്നും സംഭവിച്ചില്ല.
എന്തിനായിരുന്നു ശിവരാമന്‍ചേട്ടന്‍ നാരായണിചേച്ചിയുടെ ഉള്ളം കയ്യില്‍ നോട്ടുകള്‍ വെച്ച് കൊടുത്തത് ?!നാട്ടുവഴിയില്‍ അമ്പഴങ്ങ ഉപ്പും ചേര്‍ത്ത് 'സേവിച്ചങ്ങനെ' നില്ക്കുമ്പോള് ദൂരെനിന്ന് ശിവരാമചേട്ടന്റെകനത്തചുമ കേട്ടു; എതിരെ ,മുന്നോട്ടും പിന്നോട്ടും വായുവിനെ അടിച്ചു തെറുപ്പിക്കുമാറ് ശക്തിയില്‍ ഇരുകയ്യുകളും കൂട്ടിയടിച്ച് മുന്നേറുന്ന നാരായണി ചേച്ചി! പുറകോട്ടു വീശിയ, അവരുടെ കൈവെള്ളയില്‍ തിടുക്കത്തില്‍ നോട്ടുകള്‍ വെച്ചുകൊടുത്ത് ഒന്നുമറിയാത്തമട്ടില്‍ പോകുന്ന ശിവരാമേട്ടന് .പിന്നെയാണ് മനുസിലായത്.സംഗതി പുറത്തു പറയാന്‍ പറ്റാത്ത കാര്യമാണ്.കുഞ്ഞു വായില്‍ വലിയ വര്‍ത്തമാനം പറയേണ്ടന്നാണത്രെ അതിനെപ്പറ്റി ചോദിച്ചപ്പോള്‍ സ്മിതചേച്ചിയുടെ അമ്മ പറഞ്ഞത്. പരസ്യമായ രഹസ്യം ഞങ്ങളുടെ നേരമ്പോക്കുകളില്‍ വല്ലപ്പോഴുമൊക്കെ അവതരിച്ചു.ആ 'വൃദ്ധകാമുകഹൃദയങ്ങളെ' പതിഞ്ഞ ശബ്ദത്തില്‍ കൂക്കുവിളിക്കാന്‍ കിട്ടിയ അവസരം ഞങ്ങള്‍ നഷ്ടപെടുത്തിയില്ല.അതല്ല തമാശ --ഈ നാരായണിചേച്ചിയുടെ കൈവെള്ളയില്‍ നോട്ടുകള്‍ വെയ്ക്കുന്നത് ശിവരാമന്‍ചേട്ടന്‍ മാത്രമല്ലെന്നും മറ്റൊരു കൃശഗാത്രന്‍ കൂടിഈ 'നോട്ടു വെയ്പ്പില്‍ ' പങ്കുണ്ടെന്നും അറിഞ്ഞതോടെ ഞങ്ങളുടെ കൂക്കുവിളി അല്പം ഉച്ചത്തിലായി.അത്തരം കുറെയേറെ ബന്ധങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് ആ സ്ത്രീകളാവട്ടെ സദാചാരത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവരാണ് ;
പ്രണയിക്കുന്നവരെ പരോക്ഷമായും പ്രത്യക്ഷമായും ആക്ഷേപിക്കുന്നവരാണ്.എന്റെ മനസ്സില്‍ പ്രണയം ഇപ്പോഴും കൌമാരം വിട്ടുമാറാത്ത ഒരു പാവാടക്കാരിയാണ് .കൃത്യമായ ഒരു ഉടമ്പടിയോടെ കാത്തു സൂക്ഷിക്കുന്ന ഒരവസ്ഥാവിശേഷം ! ശരീരദാഹം തീര്‍ക്കാന്‍ വേണ്ടി മാത്രം രാവിന്റെ മറവില്‍ സംഗമിക്കുന്ന 'ആര്ത്തിക്കോലങ്ങളെ' കമിതാക്കള്‍ എന്ന് വിളിക്കുന്നതെങ്ങനെ?! ഒരു വാക്കിലോ ,നോട്ടത്തിലോ, ശബ്ദത്തിലോ പകര്‍ന്നു നല്കുന്ന അനവദ്യമായ ഒരനുഭൂതി വിശേഷം...ആകര്‍ഷണം കൊണ്ട് തോന്നാവുന്ന ഒരു പൊടി ഇഷ്ടത്തിലുപരി, ഇത്തരമൊരു അവസ്ഥ ഒരാളുടെ ജീവിതത്തില്‍ ഒരൊറ്റ തവണ മാത്രമേ ഉണ്ടാവു..അത് ദൈവീകമാണ് താനും !(പ്രണയത്തെക്കുറിച്ച് ഞാന്‍ വാചാലയായപ്പോള്‍ എവിടെനിന്നോ കാദംപരി കുതിച്ചെത്തി.അവള് എന്നെനോക്കി അര്‍ത്ഥഗര്‍ഭമായി ചിരിച്ചു..ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ നിനക്കോ യോഗ്യത..അവളുടെ ചോദ്യത്തിന് മുന്നിലൂടെ എന്റെ മിഴികള്‍ തെന്നിമാറി മണ്തരികളെ പ്രണയിച്ചുനിന്നു.കാദംപരി, നീ വെറുമൊരു മനുഷ്യ ജന്മമാണ് .എന്റെ വിഹ്വലതകളെ അളന്നെടുക്കാന്‍ നിനക്കെന്നല്ല ,ഒരു 'കൊലകൊമ്പനും' ആവില്ല..!വെറുതെയല്ല, ഈ കഥ പറയാന്‍ ഞാന്‍ നിന്നെ ക്ഷണിക്കാത്തതത്. പോകു ഞാന്‍ വിളിക്കും വരെ ആകാശത്തോട് സംസാരിക്കൂ ..കാദംപരി പിന്‍വാങ്ങി -മനസ്സില്ലാമനസ്സോടെ.)
പണ്ട് ,നാട്ടിലെ ന്യുസ്പേപ്പറെന്നു പരോക്ഷമായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീയെ പരിചയപ്പെടുത്താം - ഉയരമുള്ള , മെലിഞ്ഞ ,വൃത്തി അശേഷമില്ലാത്ത ആ വര്‍ത്തമാനപത്രം നാട്ടിലെ സകലമാന ഭവനത്തിലേയും സ്വരച്ചേര്‍ച്ചയില്ലായ്മയും കല്ലുകടിയും അന്വേഷിച്ചറിയുകയും തന്നാലാവുംവിധം 'മിനുക്കിയെടുത്ത്' അടുത്ത വിതരണക്കാര്ക്കെത്തിക്കുകയും ചെയ്തുപോന്നു . 'കര്‍ത്തവ്യനിര്‍വഹണത്തില്‍ ' അശ്ശേഷംപോലും വീഴ്ച വരുത്താതെ ജൈത്രയാത്ര തുടര്‍ന്ന 'തമ്പുരാട്ടിയെ' ആര്യപുത്രന് ഇടിച്ചു പദം വരുത്തിയെന്നും അതിനാലാണ് അവര്‍ ക്ഷയരോഗിയായത് എന്നും നാട്ടില്‍ സംസാരമുണ്ട്.അവരിന്നു പ്രായത്തിന്റെ ചില അസ്വസ്ഥതകളില്‍ പെട്ടുഴലുകയാല് 'റിട്ടയര്‍മെന്റ്' വാങ്ങി വീട്ടില്‍ കുത്തിയിരിക്കുന്നു. പ്രിയവായനക്കാര്‍ സങ്കടപ്പെടേണ്ട-പാരമ്പര്യം നിലനിറുത്താന്‍ ഒന്നാംതരം 'ഉരുപ്പടിയെ' വാര്‍ത്തെടുത്തിട്ടാണ് അവര്‍ അരങ്ങൊഴിഞ്ഞത്. അമ്മയുടെ ജോലി ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിക്കുന്നതില്‍ മകള്‍ ഒരുപടികൂടി മുന്നിലാണെന്ന് നിസ്സംശയം പറയാം.'വൃത്തിയുടെ കാര്യത്തിലും' മകള്‍ അമ്മയെ തോല്‍പ്പിക്കുന്നു. ഒരു വാരം പൂര്‍ത്തിയാക്കുന്ന വസ്ത്രത്തിനും പഴകിയ പാലിനും ഒരേ ഗന്ധമാണെന്നു പറഞ്ഞാല്‍ ഒട്ടും തെറ്റാവില്ല.കള്ളത്തരത്തിന് കയ്യുംകാലും വെച്ചൊരു സ്ത്രീ രൂപം- അങ്ങനെയൊരു വിശേഷണമാണ് ആ 'ജന്തുവിന്' കൂടുതല്‍ ചേരുക. ഭാര്യയും കുഞ്ഞുമുള്ള ഒരു 'കാപാലികനെ' തട്ടിയെടുത്ത്, കള്ളക്കരച്ചിലും പരദൂഷണവുമായി അവള് ഇന്നും ജീവിക്കുന്നു.
വിരലിലെണ്ണാവുന്ന ചില നല്ല വ്യക്തിത്വങ്ങളുടെ കൂട്ടത്തില്‍ ഒരാളെക്കുറിച്ചു മാത്രം പറയാം;അച്ഛന്റെ ചങ്ങാതിക്കൂട്ടത്തില്‍ കൂടുതലൊന്നും പ്രത്യക്ഷപ്പെടാത്ത- എന്നാല്‍ സുഹൃത്തെന്നു നിസ്സംശയം പറയാവുന്ന,രസികനായ ഒരു ഫലിത പ്രിയന്; ഷണ്ന്മുഖനെന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം ആറുമുഖങ്ങളൊന്നും അദ്ദേഹത്തിനില്ല. കൂട്ടുകാരന്റെ സന്തതികളെന്ന പരിഗണന ഞങ്ങള്‍ക്ക് നല്‍കിയിരുന്ന ഒരു പാവം മരംവെട്ടുകാരന്.സ്വഭാവത്തിലെ ചില സവിശേഷതകളാണ് അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കിയത്. മരത്തിനു മുകളിലിരുന്നു കൃത്യ നിര്‍വഹണം നടത്തുന്നതിനിടയിലും വഴിപോക്കരോട് ഒന്ന് രണ്ടു ഫലിതം പറഞ്ഞ് അവരെ കുടുകുടെ ചിരിപ്പിക്കുന്നതില്‍ ഈ വിദ്വാനുള്ള മിടുക്ക് എടുത്തു പറയണം. വളരെമുന്പേ സ്വന്തമാക്കിയ ഇരുചക്രവാഹനത്തില്‍ 'രാജകീയ പ്രൌഡിയോടെ' പറന്നുപോകുന്ന ഫലിത സമ്രാട്ടിന്റെ തുണി സഞ്ചിയില്‍ കോംപ്ലാന്‍ കലക്കിയ പാലും ഏത്തപ്പഴവും മുട്ടയും സ്ഥിരമായുണ്ടാവും. 'ഉന്നതങ്ങളില്‍ നിന്നും 'താഴെയെത്തുന്ന വിശ്രമവേളയില്‍ തന്റെ ശരീരത്തിനു അല്‍പ്പ സ്വല്പ്പം 'പോഷകം 'നല്കാന് ടിയാന് കണ്ടുപിടിച്ച വഴിയാണ് ഈ ഭക്ഷണക്രമം.സ്വന്തമായുണ്ടാക്കിയ 'ഏറുമാടത്തില്‍' ചില സംഗീത വാദ്യോപകരണങ്ങളുടെ കൂടെക്കഴിയുന്ന ഈ വിചിത്ര മനുഷ്യനെ സ്നേഹപുരസ്സരം ഞാന്‍ വിളിക്കുന്ന ചെല്ലപ്പേര് അപ്പാപ്പന് എന്നാണ്.
കേരളാദിത്യപുരം ക്ഷേത്രത്തില്‍ ഞാനാദ്യമായി പോകുന്നത് ഏഴെട്ടുവയസുമാത്രം പ്രായമുള്ളപ്പോഴാണ്. കാടും നീര്‍ചോലകളും കണ്ടു വഞ്ചിയിലായിരുന്നു യാത്ര. തുഴക്കാരന് പാക്കരന് ചേട്ടന് ഇടയ്ക്കിടെ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. അയാളുടെ കണ്ണുകളുടെ തീഷ്ണതയില്‍ നിന്നും രക്ഷപെടാന്‍ 'തിരിഞ്ഞിരിക്കുകയെന്ന' ഒറ്റവിദ്യ മാത്രമേ എന്റെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ.അന്ന് വയലാര്‍ രാമവര്‍മ്മയുടെ ശവകുടീരം കണ്ടു.അമിതമായ മദ്യപാനം കൊണ്ട് മാത്രം വളരെനേരത്തെ ഈ മനോഹര തീരത്ത്നിന്ന് വിട പറയേണ്ടി വന്ന ആ മഹാനുഭാവനെക്കുറിച്ച് മടക്കയാത്രയില്‍ മുത്തച്ഛന് വിശദീകരിച്ചു. അദ്ദേഹം ഭൂമിയില്‍ മറന്നുവെച്ച്പോയ വരികളുടെ അര്‍ത്ഥം അന്നെനിക്ക് അറിയില്ലെങ്കില്‍ കൂടിയും, ഒരു മൂകത മനസ്സില്‍ തളംകെട്ടി കിടന്നു. ഓളങ്ങളില്‍ മുങ്ങിത്താഴുന്ന ഒരു ആമ്പല്‍പൂവ് എനിക്ക് മുന്പില് പ്രത്യക്ഷപ്പെട്ടതോടെ തല്ക്കാലം രാമവര്‍മ്മയ്ക്ക് സലാം പറഞ്ഞ് ഞാനാ പൂവിന്റെ പുറകെ കൂടി. അന്ന് വഞ്ചിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എന്റെ കഴുത്തില്‍ മൂന്ന് ആമ്പല്പൂ മാലകളാണ് ഉണ്ടായിരുന്നത്.
കുഞ്ഞുനാളിലെ ഞങ്ങളുടെ 'ഭക്ഷണലീലകള്' കേള്‍ക്കണ്ടേ?അമ്മയുടെ കൈപ്പുണ്യം കൊട്ടിഘോഷിക്കുന്ന തകര്‍പ്പന്‍ അയല പൊള്ളിച്ചതും പാവയ്ക്ക തീയലും പിന്നാം പുറത്തെ ചവറുകള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കും . സമീകൃതാഹരമായ പാലിന്റെ സ്ഥാനം വാഴച്ചോട്ടില്‍ . പ്രാതലിനുണ്ടാക്കുന്ന പുട്ട്,അപ്പം , ഉപ്പുമാവ് എന്നിവയില്‍ കാല്‍ഭാഗം വീതം യഥാക്രമം പൂച്ച, കാക്ക എന്നിവര്‍ക്കും പിന്നെടുള്ളതില് മുക്കാല്‍ ഭാഗം വടക്കേ തോട്ടിലും ബാക്കിയുള്ളത് കുറച്ചെങ്കിലും വയറ്റില്‍ ചെന്നങ്കിലായി. കണ്ണന് വേണ്ടത് 'ലൊട്ടുലൊടുക്ക്' പലഹാരങ്ങള്‍ ആണ് . അമ്പഴങ്ങ,പച്ചമാങ്ങ ,ഇലുംബന്‍ പുളി എന്നിവ ഉപ്പു ചേര്‍ത്ത് മടുക്കുവരെ സേവിക്കുന്നതാണ് എനിക്ക് പഥ്യം. പാവം അമ്മച്ചി...മക്കള്‍ക്ക് പോഷകാഹാരം നല്‍കേണ്ട ആവശ്യകതയെപറ്റി അയല്പക്കത്തെ ചേച്ചിമാര്‍ക്ക് ക്ലാസ്സെടുക്കുന്നു -- സമീകൃതാഹാരം വാഴച്ചുവട്ടില്‍ കിടന്നു പുളിച്ചു നാറുന്നതറിയാതെ ! .പറഞ്ഞാലും പറഞ്ഞാലും തീരാതെ പൊട്ടിച്ചിരിക്കുന്നത് ശോഭ ചേച്ചിയാണ് .ഞങ്ങളുടെ ലീലാവിലാസങ്ങള്‍ ആസ്വദിച്ച് അയവിറക്കുന്ന മഹീന്ദ്രപത്നിക്ക് ഇന്നും ഇതെല്ലം രസമുള്ള ഓര്‍മ്മകള്‍!
'അപ്പാപ്പന്റെ' വീട്ടിലെ തേങ്ങയരക്കാത്ത മത്തിക്കറിയാണ് ലോകത്തിലെ സ്വാദിഷ്ടമായ വിഭവമെന്ന് എനിക്ക് തോന്നിയത് അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ച ആദ്യത്തെ ദിവസമാണ്. കൃത്യമായ ചേരുവകള്‍ കലര്‍ത്തി ഉണ്ടാക്കാന്‍ ആ ദാരിദ്ര്യ ഭവനത്തിന് കഴിയുമായിരുന്നില്ല . അതുതന്നെയാണ് ആ കറിയുടെയുടെ ഏറ്റവും വലിയ ഗുണമേന്മയെന്നു ഞാന്‍ വിശ്വസിച്ചു. അച്ഛനും അമ്മയും അറിയാതെ അവിടെനിന്നു ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഞാന്‍ നഷ്ടപെടുത്തിയിരുന്നില്ല. അവിടുത്തെ കട്ടന്‍ ചായയ്ക്കും ഒരു പ്രത്യേക രുചിയായിരുന്നു. ചില ദിവസങ്ങളില്‍ പഞ്ചസാര ഉണ്ടാവില്ല. അപ്പാപ്പന്റെ മക്കള്‍ കയ്യില്‍ വെച്ച്തരുന്ന ശര്ക്കരക്കഷണത്തിലെയ്ക്കും അവരുടെ ചെയ്തിയിലെയ്ക്കും നോക്കിയിരുന്നു ഞങ്ങളും ശര്‍ക്കര കടിച്ചു കൂട്ടി കാപ്പി കുടിക്കും. പിന്നെ വീട്ടിലെത്തി അതുപോലെ അനുകരിക്കലാണ് അടുത്ത നടപടി.
അപ്പാപ്പന്റെ വീടുപോലെ ദാരിദ്ര്യം വസിക്കുന്ന മറ്റൊരു താവളം സുധചേച്ചിയുടെ കുടില്‍ ആയിരുന്നു. മൂര്‍ഖന്‍പാമ്പും മറ്റു ക്ഷുദ്രജീവികളും വസിക്കുന്ന കാടിന്റെ നടുവിലൊരു ഓലക്കൊട്ടാരം...നാല് ചുറ്റും മത്സ്യങ്ങള്‍ സമൃദ്ദമായി വിളയാടുന്ന വലിയ തോടുകള്‍ . പലതരത്തിലുള്ള പക്ഷികള്‍ വിഹരിക്കുന്ന ചെറിയ വള്ളിക്കാടുകള്‍ ഉണ്ടവിടെ. അന്ന് അടയ്ക്കാക്കുരുവിളോടായിരുന്നു എനിക്ക് പ്രിയം. അവയുടെ ശബ്ദം കേള്‍ക്കുന്ന ദിക്കിലേയ്ക്കു സസൂക്ഷ്മം കാതോര്‍ക്കും;കുഞ്ഞിക്കിളികളുടെ കലപില കേള്‍ക്കുന്നുണ്ടെങ്കില്‍ കൂടുംതേടി അലയുകയെന്നതാണ് അടുത്ത പരിപാടി.സത്യത്തില്‍ സസ്യശ്യാമള കോമളം എന്നൊക്കെ വിശേഷിപ്പിക്കും പോലെ ഹരിതാഭയില്‍ വിലസിനില്‍ക്കുന്ന ആ പ്രദേശമാണ് എന്റെ ഇഷ്ടങ്ങളില്‍ ഇന്നും മുന്‍നിരയില്‍ നില്‍ക്കുന്നത്. ലോകത്തിന്റെ ഏത്കോണില്‍ ചെന്നാലും കിട്ടാത്ത സമാധാനവും സന്തോഷവും നല്‍കാന്‍തക്ക ഒരു മാസ്മരികശക്തി ആ പ്രദേശത്തിനുണ്ടെന്നു ഞാന്‍ തീര്‍ത്തും വിശ്വസിക്കുന്നു.ഇന്നത്തെപ്പോലെ,അന്നത്തെയും പ്രധാന വിനോദം ചൂണ്ടയിടല്‍ ആയിരുന്നു. ചൂണ്ടയിട്ടു കിട്ടുന്ന പള്ളത്തിയും കുറുവാപ്പരലും ഉപ്പും കുരുമുളകും ചേര്‍ത്ത് പുരട്ടി വെച്ച് വറുത്ത് തരുന്നത് ചേച്ചമ്മയാണ്. അതിന്റെ രുചി,വിലയ്ക്ക് വാങ്ങുന്ന മീനുകള്‍ക്ക് ഒരിക്കലും കിട്ടാറില്ല. ചൂണ്ടയിടുന്നതില്‍ സുധചേച്ചിയും വിദഗ്ദ്ധയായിരുന്നു. ഞങ്ങള്‍ക്ക് അതൊരു വിനോദമാകുമ്പോള്‍, അവര്‍ക്കത് ഒരു നേരത്തെ കറിക്കുള്ള ഉപാധിയാണ് . ഒഴിവുവേളകളില്‍ ഞാനും സ്മിതചേച്ചിയും കൂടുതല്‍ സമയം ചെലവഴിച്ചത് സുധചേച്ചിയുടെ വീട്ടില്‍ത്തന്നെയാണ്. അവരുടെ കുടിലിലെ സാദാ ഗോതമ്പപ്പത്തിന്റെ രുചി, ഞങ്ങളുടെ വീട്ടിലെ നെയ്യും തേങ്ങയും ചേര്‍ന്ന ഗോതമ്പപ്പതിനു ഇന്നോളം കിട്ടിയിട്ടില്ലെന്ന് വേണം പറയാന്‍.
ചെറുപ്പത്തില്‍ 'സത്യസന്ധത' അങ്ങേയറ്റം പുലര്‍ത്തിയിരുന്ന ഒരുകുട്ടിയെന്നു എന്നെ വിശേഷിപ്പിക്കാം - ആ സത്യസന്ധതയുടെ മഹത്വം പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തിരുത്തുക എന്നാണെങ്കിലോ ! ഞെട്ടണ്ട..അത്തരം നെറികേട് വരെ ഞാന്‍ കാണിച്ചിട്ടുണ്ട് . പത്തൊന്‍പതിനെ നാല്പതൊന്പതാക്കാനും ഇരുപതെട്ടിനെ മുപ്പതെട്ടാക്കാനും ഞാന്‍ കുറച്ചൊന്നുമല്ല യത്നിച്ചത്. അച്ഛനെ വിഡ്ഢിയാക്കി കയ്യൊപ്പ് നേടാന്‍ കഴിഞ്ഞു. വീണ്ടും പഴയ മാര്ക്കിലെയ്ക്കാക്കി വേണമല്ലോ ടീച്ചറിന് സമര്‍പ്പിക്കാന്‍ .ആ കടമ്പ കടക്കുംമുന്പേ 'നീരാളിപ്പിടുത്തത്തില്‍' അമര്‍ന്നുപോയി ഞാന്‍! കുതന്ത്രം കാണിക്കലിനോട് ഒരുകാരണവശാലും ദയ കാണിക്കാത്ത സുജതാദേവിയുടെ രംഗപ്രവേശം. പിന്നെ ഗംഭീര വെടിക്കെട്ട്. വെടിക്കെട്ടിനിടയില്‍ ചീറ്റിപ്പോകുന്ന പടക്കം പോലെ എന്റെ നിലവിളി .ഇളംതെങ്ങിലെ പച്ചയീര്ക്കിലിയുടെ തുമ്പിലൂടെ അരിച്ചിറങ്ങുന്നു അമ്മച്ചിയുടെ കോപം. കഥയുടെ ഒടുവില്‍ ക്ലാസ്സ്ടീച്ചര്‍ അറിയുന്നു കാര്യങ്ങള്‍. എങ്കിലും ചങ്ങാതിമാരുടെ ഇടയില്‍ എനിക്കൊരു 'ബ്ലാക്ക് മാര്‍ക്ക് ' ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്ത മേരിജൊസഫ്ടീച്ചര്, മാര്‍ക്ക് തിരുത്തല്‍ പ്രതിയെ അവരെ കാണിക്കാതെ മൂടിവെച്ചു.എങ്കിലും,സഹികെടുമ്പോള്‍ ഇടയ്ക്കിടെ 'എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്' എന്നൊരു ഭീഷണി മുഴക്കാന്‍ ടീച്ചര്‍ മറന്നതുമില്ല.
നാലാം ക്ലാസ്സിലെ കേരളപാഠാവലിയും,മലയാളം പിരീടും ,കൊച്ചുറാണി ടീച്ചറും മാറാലമൂടാത്ത ഓര്‍മ്മകള്‍ ! സദാ സമയവും മിഠായി നുണഞ്ഞു ക്ലാസ്സെടുക്കുന്ന കൊച്ചുറാണി ടീച്ചര്‍ കേരളപാഠാവലിയിലെ രണ്ടാം പാഠഭാഗം വായിക്കുന്നു; ഉള്ളടക്കം ചുരുക്കത്തിലിങ്ങനെ:-നല്ല നിലാവുള്ള രാത്രിയില്‍, വനാന്തര്‍ഭാഗത്തെ ഗുഹമുഖത്തിരുന്നു പച്ചമാംസം ചുട്ടു തിന്നുന്ന വേടന്റെ കുടുംബം; പച്ചമാംസത്തിന്റെ രൂക്ഷഗന്ധം അന്തരീക്ഷമാകെ പടര്‍ന്നപ്പോള്‍ അതു മണംപിടിച്ചെത്തുന്ന ചെന്നായ ! വെന്തമാംസം ചെന്നായയ്ക്ക് എറിഞ്ഞു കൊടുക്കുന്ന വേടന്റെ മക്കള്‍ ; നന്ദി പുരസ്സരം വാലാട്ടിക്കൊണ്ട് ഇരുട്ടിലേയ്ക്കു മറയുന്ന ചെന്നായ; അടുത്ത ദിവസങ്ങളിലും ഇതെല്ലാം പഴയപടി ആവര്‍ത്തിക്കുന്നു.വളരെ വേഗത്തില്‍ വേടന്റെ മക്കളുടെ ഉറ്റതോഴനായിത്തീരുന്ന ആ കാട്ടുമൃഗം എന്റെ സ്വപ്നത്തിലും ഇടയ്ക്കിടെ എത്തിച്ചേര്‍ന്നു. സത്യത്തില്‍, അന്ന് ആ പാഠഭാഗം ടീച്ചര്‍ വിവരിക്കുമ്പോള്‍ എന്നെപ്പോലെ ശ്രദ്ദിച്ചിരുന്ന മറ്റൊരുകുട്ടിയും ഉണ്ടായിരിക്കില്ല. ആ കഥയിലെ അന്തരീക്ഷവുമായി അത്രയധികം അലിഞ്ഞു ചേരുന്നു ഞാനിന്നും.ഇഷ്ടങ്ങള്‍ ഒത്തിരിഉണ്ടെങ്കിലും ചിലതൊക്കെ അനുഭവിച്ചുമാത്രമറിയാവുന്ന അതുല്യ അനുഭൂതിയാണ്.ഉത്സവപ്പറമ്പിലെ നാടകാസ്വാദനം അത്തരത്തില്‍ ഒന്നായിരുന്നു. ഇഞ്ചിമിറായി ,കപ്പലണ്ടി തുടങ്ങിയവ വില്ക്കാന് സദസ്സ്യര്ക്കിടയിലൂടെ നടന്നു നീങ്ങുന്ന കച്ചവടക്കാര്‍ കേള്‍ക്കുന്ന ചീത്തയ്ക്കു കയ്യും കണക്കുമില്ല. ആവശ്യക്കാരുടെ അടുത്തേയ്ക്ക് കുതിച്ചു നീങ്ങുന്ന ഈ 'പഹയന്മാര്' ചവിട്ടി മെതിക്കുന്നത് സമൂഹത്തിലെ ചില പകല്മാന്യന്മാരെയാനെങ്കില് പറയാനുമില്ല. അതിനെ തുടര്‍ന്നുണ്ടായിട്ടുള്ള കലപിലകള്‍ ഞാന്‍ രഹസ്യമായി ആസ്വദിച്ചിരുന്നു. ഉത്സവപ്പറമ്പിലെ അനൌണ്സ്മെന്റും തണുത്ത മണ്ണും, നാടകവേദിക്ക് മുന്പിലെ അരണ്ട വെളിച്ചവും അതിലൊക്കെയുപരി, ആനപിണ്ടത്തിന്റെ മണവും എനിക്കാവേശമായിരുന്നു.ആനയുടെ വരവും പോക്കും വെളിപ്പെടുത്തുന്ന ഈ വിചിത്രഗന്ധത്തോടുള്ള ഇഷ്ടമറിഞ്ഞു എന്നെ പരിഹസിച്ചവര്‍ ഏറെയാണ്. ആനയോടും ഉത്സവത്തോടും എനിക്കുള്ള അഭിനിവേശമാണ് ഈ ഇഷ്ടത്തിനുപിന്നിലെന്ന് അവരുണ്ടോഅറിയുന്നു..!പ്രതിഭാസങ്ങളില്‍-മഴ, മറ്റൊന്നും പകരം വെയ്ക്കാനില്ലാത്ത സുഖാനുഭൂതിയായ് നിലകൊണ്ടു. ഓരോ തവണ പെയ്യുമ്പോഴും കൂടുതല്‍ കൂടുതല്‍ കുളിര് നിറച്ച് അവളെന്നെ ആലിംഗനം ചെയ്തു. നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി കുലംകുത്തിയോഴുകുന്ന പെയ്തുവെള്ളത്തില് എന്റെ കടലാസ്തോണികള് ഒഴുകി നടന്നു. ചിലപ്പോഴൊക്കെ ദിവസങ്ങളോളം അവള് ഭൂമിയില്‍തന്നെ നിലയുറപ്പിച്ചു . സൂര്യനെ കാണാതായപ്പോള്‍ ചിലരൊക്കെ അവളെ ശപിച്ചു. ശാപവാക്കുകള്‍ പേറി അവള് യാത്രയായപ്പോള്‍ ഞാന്‍ മാത്രമാണ് ദു:ഖിച്ചത്. പിന്നെ,അവള് അവശേഷിപ്പിച്ചുപോയ കുളിരില്‍ ഞാന്‍ ആശ്വാസം കണ്ടെത്തി. അവളുടെ സഹയാത്രിക എന്നെ ആശ്വസിപ്പിക്കുകയും എന്റെ മുടിയിഴകളിലൂടെ ഊര്‍ന്നിറങ്ങി നീലവിരിയെത്തഴുകിക്കടന്നു ജാലകത്തിലൂടെ പുറത്തേയ്ക്ക് കടക്കുകയും, ഇല്ലിക്കാടുകളെ ആശ്ലേഷത്തിലമര്ത്തുകയും ചെയ്തു.രാത്രി കാലങ്ങളില്‍ ഞാന്‍ നിലാവിനൊപ്പം സഞ്ചരിച്ചു.എന്റെ പ്രണയം സ്വീകരിച്ച നിലാവ് തെങ്ങോലകള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കുകയും കടാക്ഷ വിക്ഷേപങ്ങള്‍ കൊണ്ട് എന്നെ അനുരാഗവിവശയാക്കുകയും ചെയ്തു. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിലാവ് തളര്‍ന്നു വീണ വഴിത്താരയിലൂടെ ഏറെ ദൂരം ഞാന്‍ നടന്നു. നിശാചരികള്‍ എന്റെ സ്നേഹിതരായി ; വെള്ളകുപ്പായമണിഞ്ഞ പ്രേതങ്ങള്‍ ഭയപ്പെടുത്തിയും പിന്നെ, സഹായിച്ചും കൂടെക്കൂടി. ലോകമുറങ്ങുന്ന സമയത്ത് ഉണര്‍ന്നിരിക്കാന്‍ ഞാന്‍ ശീലമാക്കി .അതായിരുന്നു എന്നെ സംബന്ധിച്ചടുത്തോളം ഏറ്റവും സുഖകരമായ മുഹൂര്‍ത്തം.
നഗരക്കാഴ്ചകള്‍ അത്രയധികം ഇഷ്ടപെടുന്നയാളല്ല ഞാന്‍ ; എങ്കിലും, പകലസ്തമിച്ചുകഴിഞ്ഞാല്, ദീപപ്രഭയില്‍ ആറാടിനില്‍ക്കുന്ന നഗരവീഥിയിലൂടെ യാത്ര ചെയ്യാന്‍ എനിക്കിഷ്ടമാണ്. മനസാക്ഷി സൂക്ഷിപ്പുകാരിയാവാന് തക്ക യോഗ്യതയുള്ള ഏതെങ്കിലുമൊരു ചങ്ങാതിക്കൊപ്പം ചപ്പടാച്ചിതമാശകള് പങ്കുവെച്ച്, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണശാലയില്‍ കയറി ആവിപറക്കുന്ന സൂപ്പിന്റെ രുചിയാസ്വദിച്ച് അങ്ങനെയൊരു രാത്രി... !ഇഷ്ടങ്ങളുടെ വലിയ പട്ടികയില്‍ ഓര്‍ക്കാതെ പോയത് ഇനിയും കാണും എന്തെങ്കിലുമൊക്കെ.
'ഇനിയൊന്നും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കണ്ട.തിരക്കേറിയ ലോകത്ത് നിന്റെ നീണ്ട കഥ വായിച്ചിരിക്കാന്‍ ആര്‍ക്കും സമയംതികഞ്ഞെന്നു വരില്ല. ഇത്രതന്നെ അധികമാണ്'. കാദംപരിയുടെ ഓര്‍മ്മപ്പെടുത്തല്‍.രാവും പകലും ഇണചേരുന്ന സന്ധ്യാവേളയില്‍ ഞാനിത് സമര്‍പ്പിക്കുമ്പോള്‍ ഒന്ന് മാത്രം ബോധ്യപ്പെടുത്താം; പറഞ്ഞത് സത്യങ്ങള്‍ - പറയാത്തതില്‍ ചിലതൊക്കെ അസത്യങ്ങളായി നിലകൊള്ളട്ടെ. ചോദ്യങ്ങള്‍ വേണ്ട . ഉമ്മറത്തു പ്രസന്നവദനരായി നിന്ന് ,പിന്നാമ്പുറത്ത് പോയി അടക്കം പറഞ്ഞ് ഊറിചിരിക്കുന്ന 'മനുഷ്യക്കോലങ്ങള്ക്കായി എന്റെപക്കല്‍ ഉത്തരങ്ങള്‍ ഒന്നുമില്ല. എനിക്കുമീതെ തിമിര്‍ത്തു പെയ്യുന്ന മഴമേഘങ്ങള്‍ക്കും തൊട്ടുതലോടി രഹസ്യം പറയുന്ന മകരനിലാവിനുമൊപ്പം ഞാന്‍ യാത്ര തുടരുന്നു- അവസാനമില്ല യാത്ര !
എനിക്കും ഉണ്ടായിരുന്നു ഒരു സ്മിത ചേച്ചി പക്ഷെ മരണം കവര്‍ന്നെടുത്തുകൊണ്ടുപോയി
ReplyDeleteകാദംപരി വെറുതെ പറഞ്ഞതാണ് വയിക്കാന്‍ സമയം ഉണ്ട്
പിന്നെ അക്ഷരങ്ങള്‍ കുറച്ചുകൂടി വലുതാക്കിയാല്‍ കൊള്ളാം
എഴുത്ത് മനോഹരം...
ReplyDeleteഇത് ഒരു നാല് പോസ്റ്റുകള്‍ക്കുള്ള വകയുണ്ടല്ലോ... ഒരു ദിവസം തന്നെ അനേകം ബ്ലോഗുകളില്‍ കയറിയിറങ്ങി പോകുന്നവരെ അല്‍പ്പനേരം ഇവിടെ തളച്ചിടുവാന്‍ പോസ്റ്റുകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നത് നന്നായിരിക്കും. അതു പോലെ പോസ്റ്റുകള്‍ക്കിടയിലെ ഇടവേള കുറച്ച് 'ബൂലോഗത്തില്‍' നിരന്തര സാന്നിദ്ധ്യം അറിയിക്കുവാനും ശ്രമിക്കുക...
16 pixel font സെലക്റ്റ് ചെയ്താല്‍ അക്ഷരങ്ങള്‍ക്ക് പാകത്തിനുള്ള വലിപ്പം ലഭിക്കും.
ആശംസകള്‍...
ഇഷ്ടം പോലെ സമയമുള്ളതുകൊണ്ട് ആദ്യാവസാനം വായിച്ചു കേട്ടോ ശ്രീജ... പോസ്റ്റിന് അല്‍പ്പം നീളം കൂടിയെങ്കിലും വായിക്കാന്‍ രസമുണ്ട്... എഴുത്ത് തുടരുക...
ReplyDeleteറാംജിയും ചേച്ചിയും വലിയൊരു പ്രചോദനം തന്നെ ആണ്.
ReplyDeleteഒത്തിരി നന്ദി
ഇനിയും വായിച്ച് അഭിപ്രായം പറയണേ
ഒരു അല്പം നീളം കൂടിയപോലെ.... രണ്ട് പോസ്റ്റാക്കാമിരുന്നു.
ReplyDeleteനന്നായിട്ടുണ്ട്
ആശംസകള്‍!!
സഖാവേ....
ReplyDeleteതാങ്കളുടെ കുറിപ്പ്.............അതിമനോഹരം......
കാദംബരി..,ചെച്ചമ്മ.....,കണാരേട്ടന്.....,സ്മിതചെച്ചി...,വൃദ്ധകാമുകര്......,
ന്യുസ് പേപ്പര്‍ ...,ഫലിതഷണ്മുഖം....പിന്നെ ഇഞ്ചിമിട്ടായിയും.....
ഒരു സമൃദ്ധമായ ഭൂതകാലത്തിന്റെ രുചിഭേദങ്ങള്‍.........
സഖാവിന്റെ ഇന്നലെകളെയല്ല സഖാവ് വെളിച്ചത്തേക്ക് കൊണ്ട് വന്നത്.....
ഞങ്ങളുടെയും കൂടി ഇന്നലെകളെയായിരുന്നു.....
സഖാവിന്റെ ഈ കുറിപ്പ് വായിച്ചു കഴിഞ്ഞത് മുതല്‍ എന്റെ കൊഴിഞ്ഞു പോയ
ഇന്നലെകളുടെ ദളമരമരം എന്നെയും മൌനവാല്മീകത്തില് എത്തിച്ചു.
എന്റെ മനസ്സിലിപ്പോള്‍ എന്റെ ഇന്നലെകളുടെ "ഫ്ലാഷ് ബാക്ക്" പ്രദര്‍ശനം നടക്കുവാ...
അതിനു സ്വിച്ച് ഓണ്‍ ചെയ്തത് സഖാവും.......!
തികച്ചും നന്ദിയുണ്ട്....ഇങ്ങിനെ ഓര്‍മകളുടെ സുഖനോമ്പരങ്ങളിലേക്ക് എന്നെയും തള്ളിയിട്ടതിന്...
ഇനി..........
എനിക്കും ഒരിത്തിരി നേരം ഇതിന്റെ തണുപ്പില്‍ ഇരിക്കണം....
ഒരു നിലാമാഴയുടെ നറുംതണുപ്പില്........
ഇങ്ങിനെ ഇത്തിരി നേരം.......
thaks shaji
DeleteVery Nicely you pen it down...
ReplyDeletekeep it up
enik ippo madiyaavunnu vaayikkaan..
ReplyDeletethak u bilathi patanam ,
ReplyDeletemadiyanenkil irshad vayikkanamennilla.
aswadakareyanu njangalkku vendath
നിലവാരമുള്ള രചന.. . ആശംസകള്‍
ReplyDeleteഎന്നാലും ;
നീളം കുറച്ച് 'താളം' കൂട്ടിയാല്‍ കൂടുതല്‍ നന്ന്.